11:46pm 11 July 2026
NEWS
പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു
11/07/2026  08:25 PM IST
nila
 പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു


ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം.

കൊച്ചുമകൾ അപ്സര വിദ്യുലയാണ് സോഷ്യൽമീഡിയയിലൂടെ മരണവിവരം അറിയിച്ചത്. കുടുംബം കടുത്ത ദുഃഖത്തിലാണെന്നും ഈ സാഹചര്യത്തിൽ സ്വകാര്യത മാനിക്കണമെന്നുമാണ് അവർ അഭ്യർഥിച്ചത്.

ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ 17 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി, ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ശബ്ദങ്ങളിലൊരാളായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അവർ അനശ്വര ഗാനങ്ങൾ സമ്മാനിച്ചു.

ആന്ധ്രപ്രദേശ് സ്വദേശിനിയായ ജാനകി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ കരസ്ഥമാക്കി. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും നിരവധി ബഹുമതികളും അവരുടെ സംഗീതമികവിന് അംഗീകാരമായി ലഭിച്ചു.

2013-ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം ദക്ഷിണേന്ത്യൻ കലാകാരന്മാർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചതും എസ്. ജാനകിയുടെ നിലപാടുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.

അനേകം തലമുറകളുടെ ഹൃദയത്തിൽ ഇടം നേടിയ ശബ്ദത്തിന് വിട പറഞ്ഞതോടെ ഇന്ത്യൻ സംഗീതലോകത്തിന് ഒരു മഹത്തായ അധ്യായത്തിന് തിരശ്ശീല വീണിരിക്കുകയാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img